Society Today
Breaking News

കൊച്ചി:  കേരളത്തില്‍ ലുലു ഗ്രൂപ്പിന്റെ   സമുദ്രോത്പന്ന സംസ്‌കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതല്‍ മുടക്കില്‍ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം  സ്ഥിതി ചെയ്യുന്നത്.സമുദ്ര വിഭവങ്ങള്‍   സംസ്‌കരിച്ച്  കയറ്റുമതി ചെയ്യുന്നതിനോടൊപ്പം  സമുദ്ര വിഭവങ്ങളില്‍ നിന്നുള്ള  മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ  കയറ്റുമതിയും  കമ്പനി ലക്ഷ്യമിടുന്നുണ്ട്.  മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം പ്രത്യേക യൂണിറ്റുമുണ്ട്. ഡെന്മാര്‍ക്കില്‍ നിന്നും അത്യാധുനിക  മെഷിനറികളാണ് ഇതിനായി ഇറക്കുമതി ചെയ്തിട്ടുള്ളത്.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടും അല്ലാതെയും 800 ലധികം ആളുകള്‍ക്കാണ് പുതുതായി തൊഴില്‍ ലഭ്യമാകുന്നത്.   രണ്ട് യൂണിറ്റുകളിലുമായി മാസം 2,500 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 

ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് പ്രധാന വിപണി. കൂടാതെ യൂറോപ്പ്, യു.കെ. യു.എസ്., ജപ്പാന്‍, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെന്നും ജനറല്‍ മാനേജര്‍  അനില്‍ ജലധരന്‍ പറഞ്ഞു.ലുലു ഗ്രൂപ്പിന്റെ കയറ്റുമതി ഡിവിഷനായ ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ഇന്ത്യ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച  20222023  സാമ്പത്തിക വര്‍ഷത്തില്‍  ഇന്ത്യയില്‍ നിന്നും  6,200  കോടി  രൂപയുടെ  പഴം  പച്ചക്കറികള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, മത്സ്യ മാംസവിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക്  കയറ്റുമതി ചെയ്തത്.  ഇതില്‍ കേരളത്തില്‍ നിന്നുള്ള വിഹിതം  560 കോടി രൂപയുടെ ഉത്പ്പന്നങ്ങളാണ്.

202324 സാമ്പത്തിക വര്‍ഷത്തില്‍  പഴം പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യ മാംസവിഭവങ്ങള്‍ ഉള്‍പ്പെടെ  10,000 കോടി രൂപയുടെ കയറ്റുമതിയാണ് ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ നിന്നും ലക്ഷ്യമിടുന്നതെന്ന് ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് സി.ഇ.ഒ നജിമുദ്ദീന്‍ ഇബ്രാഹിം പറഞ്ഞു. അരൂരിനു ശേഷം തെലങ്കാന സംസ്ഥാനത്തും അത്യാധുനിക രീതിയിലുള്ള ഉള്‍നാടന്‍ മത്സ്യവിഭവ സംസ്‌കരണ കേന്ദ്രം ആരംഭിക്കാനും ലുലു ഗ്രൂപ്പിന്  പദ്ധതിയുണ്ട്. ഹൈദരാബാദിലെ ലുലു മാള്‍ ഉദ്ഘാടന പ്രഖ്യാപനത്തോടനുബന്ധിച്ച് തെലങ്കാന വ്യവസായ  ഐടി മന്ത്രി കെ.ടി. രാമറാവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.

 

 

 

#lulugroup

Top